Thursday 26 March 2015

നഷ്ടപ്പെട്ട ഒരു മനസ്സിന് പറയാനുള്ളത്

കവിതയോട് പ്രണയം തോന്നാം...
അത് എഴുതിയവരോടാണെങ്കിലോ?!
നിന്റെ
വിരലുകളുടെ വഴക്കത്തിൽ
വഴുതി വീണ വരികൾക്കിടയിൽ
വഴിയറിയാതലയുന്നുണ്ട്,
ഒരു ചെറിയ വലിയ മനസ്.
അതിനു നീ വഴി കാട്ടി കൊടുക്കുക...
നിന്റെ വരകളുടെ വടിവൊത്ത വളവുകളിലൂടെ,
അക്ഷരങ്ങളായി,
വാക്കുകളായി,
വാക്യങ്ങളായി...
പുറത്തേക്കുള്ള വഴിയല്ല,
നിന്റെ അകത്തേക്കുള്ളത്...
കാരണം,
കവിതയോടല്ല,
പ്രണയം കവയിത്രിയോടാണ്...

Tuesday 17 March 2015

വിട

ഇല്ല...
എന്റെ അരികിലെ നിന്നെ ഞാൻ  കാണില്ല.
നിന്റെ കണ്ണീരിന്റെ ചൂട് ഈ കാലുകളറിയില്ല.
നിന്റെ ഹൃദയം നിലയ്ക്കുന്നത് ഈ കാതുകൾക്ക് കേള്ക്കില്ല.
നിന്റെ ചിത കത്തുന്ന ചൂര്
അറിയാൻ എനിക്ക് നേരമില്ല.
പക്ഷേ,
വേദനയുണ്ട്...
ഇപ്പോൾ,
എന്നെ തിന്നുന്ന ഈ ചിത കെടുത്താനുള്ള കണ്ണീർ  നിന്റെ കണ്ണുകളിലില്ലേ?!

Tuesday 27 January 2015

ചിതലരിച്ച ചിറകുകൾ

ജനിച്ചു വീണത് മുതുകിൽ ഓരോ തൂവലുകളോടെ;
അറ്റം കാണാത്ത ആകാശത്ത്,
മടുപ്പില്ലാതെ, കിതപ്പില്ലാതെ
അലയുന്ന മേഘങ്ങളെ
തൊടാനുള്ള പൂതിയോടെ,
കൈകൾ,
കാലുകൾ,
കണ്ണുകളെല്ലാം അങ്ങോട്ടേക്ക് നോക്കിയിരുന്നു.
കാലം അടിച്ചേല്പിച്ച അനുഭവങ്ങളുടെ കൈകോർത്ത്
നടക്കാൻ പഠിച്ചു.
തൂവലുകൾ ചിറകുകളായ് വളർന്നുകൊണ്ടിരുന്നു.
ആരും കൊതിക്കുന്ന ചിറകുകളുള്ളതിൽ
അഭിമാനിച്ചു, അഹങ്കരിച്ചു;
ഒരിക്കലിവയെന്നെ ഉയരങ്ങളിലെത്തിക്കുമെന്നോർത്ത്
ആഹ്ലാദിച്ചു.
കാണാൻ നേരമായപ്പോൾ കണ്ടു,
ജീവിതം
ബന്ധങ്ങൾ കൊണ്ട് തീർത്ത അതിരുകൾ,
അതിരുകൾ താണ്ടി അകലാതിരിക്കാനായ്
ബന്ധങ്ങൾ കോർത്ത ബന്ധനങ്ങൾ;
അമ്മയോടുള്ള സ്നേഹം,
അച്ഛ്നോടുള്ള ഭയം,
ഭാര്യയോടുള്ള പ്രണയം,
മക്കളോടുള്ള കടമ,
ഇനിയും എത്രയോ!
അതിരുകൾക്ക് വേരിറങ്ങിയപ്പോൾ,
ഇന്ന്,
ലോകത്തിന്റെ ഈ അറ്റത്തു നിന്ന്
തല ഉയർത്തി,
കൈകൾ ഉയർത്തി,
ആകാശത്തേക്ക്.
പിന്നെ കണ്ടു കുഴഞ്ഞ കണ്ണുകളാൽ നോക്കി,
ചിറകുകളിലേക്ക്.
തൂവലുകളില്ല,
ചിറകുകളില്ല,
ഉള്ളത് ചിതലരിച്ച സ്വപ്നങ്ങൾ മാത്രം.

Saturday 28 June 2014

തുടക്കം



പ്രിയ സുഹൃത്തുക്കൾക്ക്,


എപ്പോഴെന്നോർമയില്ല, മലയാളത്തോട്‌ ചില മലയാളികൾക്കുള്ള ‘തനി മലയാളി സമീപനം’ കണ്ട്‌ മടുത്തിട്ടും ആംഗലേയത്തോടുള്ള (ക്രമേണ മംഗ്ലീഷിനോടുള്ള) ‘തനി അടിമത്തവും’ കണ്ടിട്ടും ഉള്ളിൽ ജനിച്ച ഒരു ‘തനി മലയാളി’ അസൂയയ്ക്കും ചൊരുക്കിനും എന്നിലുണ്ടായ ബ്ലോഗ്....

അങ്ങനെ തുടങ്ങി. പക്ഷേ, എഴുതേണ്ടത്‌ എന്തെന്നതിനെപ്പറ്റി ഒരു പിടിയുമില്ലാതിരിക്കുവായിരുന്നു. ഇപ്പൊ തീരുമാനിച്ചേ ഉള്ളൂ... ഈ നീല പടുതിക്കു കീഴെ, ഈ ഹൃദയം കൈക്കൊണ്ട മധുരമുള്ള ഓർമകളും, കയ്ക്കുന്ന വാക്കുകളും, എരിയുന്ന സ്പർശങ്ങളും, ത്രസിപ്പിക്കുന്ന ചിന്തകളും എല്ലാം ഇനി എന്റെ വിരലുകൾ പറയും... നിങ്ങളത് ആ കണ്ണുകൾ  കൊണ്ട് കേൾക്കും എന്ന് വിശ്വസിക്കുന്നു.

എന്ന് സ്വന്തം,

ധ്രുവൻ