Tuesday 27 January 2015

ചിതലരിച്ച ചിറകുകൾ

ജനിച്ചു വീണത് മുതുകിൽ ഓരോ തൂവലുകളോടെ;
അറ്റം കാണാത്ത ആകാശത്ത്,
മടുപ്പില്ലാതെ, കിതപ്പില്ലാതെ
അലയുന്ന മേഘങ്ങളെ
തൊടാനുള്ള പൂതിയോടെ,
കൈകൾ,
കാലുകൾ,
കണ്ണുകളെല്ലാം അങ്ങോട്ടേക്ക് നോക്കിയിരുന്നു.
കാലം അടിച്ചേല്പിച്ച അനുഭവങ്ങളുടെ കൈകോർത്ത്
നടക്കാൻ പഠിച്ചു.
തൂവലുകൾ ചിറകുകളായ് വളർന്നുകൊണ്ടിരുന്നു.
ആരും കൊതിക്കുന്ന ചിറകുകളുള്ളതിൽ
അഭിമാനിച്ചു, അഹങ്കരിച്ചു;
ഒരിക്കലിവയെന്നെ ഉയരങ്ങളിലെത്തിക്കുമെന്നോർത്ത്
ആഹ്ലാദിച്ചു.
കാണാൻ നേരമായപ്പോൾ കണ്ടു,
ജീവിതം
ബന്ധങ്ങൾ കൊണ്ട് തീർത്ത അതിരുകൾ,
അതിരുകൾ താണ്ടി അകലാതിരിക്കാനായ്
ബന്ധങ്ങൾ കോർത്ത ബന്ധനങ്ങൾ;
അമ്മയോടുള്ള സ്നേഹം,
അച്ഛ്നോടുള്ള ഭയം,
ഭാര്യയോടുള്ള പ്രണയം,
മക്കളോടുള്ള കടമ,
ഇനിയും എത്രയോ!
അതിരുകൾക്ക് വേരിറങ്ങിയപ്പോൾ,
ഇന്ന്,
ലോകത്തിന്റെ ഈ അറ്റത്തു നിന്ന്
തല ഉയർത്തി,
കൈകൾ ഉയർത്തി,
ആകാശത്തേക്ക്.
പിന്നെ കണ്ടു കുഴഞ്ഞ കണ്ണുകളാൽ നോക്കി,
ചിറകുകളിലേക്ക്.
തൂവലുകളില്ല,
ചിറകുകളില്ല,
ഉള്ളത് ചിതലരിച്ച സ്വപ്നങ്ങൾ മാത്രം.

7 comments:

  1. നല്ല കവിത. അഭിനന്ദനങ്ങൾ!

    ReplyDelete
  2. നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  3. മനോഹരമായ വരികൾ ചങ്ങാതി!!

    ReplyDelete
  4. മനോഹരമായ വരികൾ ചങ്ങാതി!!

    ReplyDelete
    Replies
    1. വളരെ നന്ദി ചങ്ങാതീ...

      Delete